നാളെകളിലെ എന്റെ ജീവിതം സ്വപ്നങ്ങളുടെ ചിറകുകൾക്ക് മുകളിലെ പ്രതീക്ഷകളുടെ ഒരു സാമ്രാജ്യം മാത്രമാണ്. കൊടുത്തു തീർക്കേണ്ട ബാധ്യതകളുടെയും, ചെയ്തു തീർക്കേണ്ട കടമകളുടെയും, അതിനും മുകളിൽ പണിതു തീർക്കേണ്ട സ്വപ്നങ്ങളുടെയും സമവാക്യങ്ങളിൽ ഇന്നിനെ ജീവിച്ചു തീർക്കുന്ന ഒരു സാധാരണക്കാരൻ..
കൊറോണ എന്ന കോവിഡ് -19 മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്‌തുകൊണ്ട് ഉത്തരമില്ലാത്ത ചോദ്യമായി മാറിയപ്പോൾ നമ്മളെത്തിപ്പെട്ട ഉത്തരം ഒളിച്ചോട്ടമായിരുന്നു.ആർക്കും തോല്പിക്കാനോ എത്തിപ്പെടാനോ കഴിയില്ലെന്ന് നാം എന്നും വിശ്വസിച്ചിട്ടുള്ള സ്വന്തം വീടിന്റെ അകത്തളങ്ങളിലേക്കുള്ള പിൻവാങ്ങൽ..
രാത്രിയിലെ പേടിപ്പെടുത്തുന്ന അന്ധകാരത്തിനപ്പുറം വരാനിരിക്കുന്ന പ്രഭാതത്തിനു വേണ്ടി, മാറ്റിവെച്ച സ്വപ്നങ്ങളുടെ ഭാണ്ഡവും, തിരിച്ചറിയാനോ ശരിപ്പെടുത്താനോ കഴിയാത്ത സാമ്പത്തിക സമവാക്യങ്ങളുടെ ഭാരവും തലയിലേറ്റി ആ വാതിലിനു പുറകിൽ ദിവസങ്ങളോളം ഞാൻ ഒളിച്ചിരുന്നു.. സാമൂഹിക അകലം കൃത്യമായി തന്നെ പാലിച്ചു.. യുക്തിയുടെ അളവുകോലിനെ മാറ്റി വെച്ച് പാത്രം കൊട്ടുകയും ദീപം കത്തിക്കുകയും ചെയ്‌തു..കോവിഡിന്റെ രാഷ്ട്രീയവും, മതവും, ജാതിയും, നിറവും, സമുദായവും ഇഴ കീറി പരിശോധിച്ചു...
ഇരുപതു ലക്ഷം കോടിയിൽ നിന്ന് സാധാരണക്കാരന്റെ, എന്റെ ജീവിതത്തിന്റെ കൈവിട്ടു പോകുന്ന പ്രകാശത്തെ കനലുകളാക്കി നിലനിർത്താനെങ്കിലും അവകാശപെട്ടതിനപ്പുറം ഒരു തരി
ഔദാര്യമെങ്കിലും ഞാൻ പ്രതീക്ഷിച്ചു..
വരാൻ പോകുന്ന സ്വാകാര്യവത്കരണത്തിൽ നിന്നും കൂലിപ്പണിക്കാരനും, മത്സ്യത്തൊഴിലാളികളും അടങ്ങുന്ന 18 ലക്ഷം വരെ വർഷം സമ്പാദിക്കുന്ന ഒരു സാധാരണ ഇന്ത്യൻ മധ്യവർഗ ജനാധിപത്യ വിശ്വാസിയായ പൗരന് ലഭിക്കാൻ പോകുന്ന അവസരങ്ങളുടെ അനന്ത സാധ്യതകൾ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ധനകാര്യ മന്ത്രി ആത്മ സംതൃപ്തിയോടെ വിളംബരം ചെയ്‌തപ്പോൾ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ അത് നമ്മുടെ തോൽവി തന്നെയായിരുന്നു..
3 മാസത്തോളം വീടിനകത്തു ഒളിച്ചിരുന്ന് കോറോണയോടു പോരാടിയിട്ടും ആ പോരാട്ടം പോലും ജനങ്ങൾക്ക് വേണ്ടി വിജയിക്കാൻ സാധിക്കാത്ത ഒരു ഭരണകൂടത്തെ ഞാനെങ്ങനെയാണ് വിശ്വസിക്കേണ്ടത്??? ഞാൻ പാഴാക്കിയ എന്റെ സമയം, എന്റെ ജീവിതം, ഞാൻ നൽകുന്ന നികുതി എന്നിവക്കെല്ലാം എന്ത് വിശ്വാസ്യതയാണ് എന്റെ ഭരണകൂടം എനിക്ക് നൽകുന്നത്??
ഇന്ന് വീണ്ടും വീടിന്റെ അകത്തളങ്ങളിൽ നിന്ന് പുറത്തിറങ്ങി പ്രയത്നിക്കാൻ ഞാനടങ്ങുന്ന ജനത നിർബന്ധരായതു മറഞ്ഞിരിക്കുന്ന കോവിഡിനെ ഭയമില്ലാത്തതുകൊണ്ടല്ല..മറിച്ചു ഭരണകൂടങ്ങളെ എന്തിനു നീതിന്യായ വ്യവസ്ഥിതിയിൽ പോലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയതിനാൽ മാത്രമാണ്.
അന്ത്യം വാഹനങ്ങളുള്ള ധനികരെ മാത്രം ലക്ഷ്യമാക്കിയുള്ള ഇന്ധന വില വർധന ന്യുനപക്ഷമായ ധനികരെ ബാധിച്ചില്ലെന്നു മാത്രമല്ല ഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ പ്രതീക്ഷക്കു വകയില്ലാത്തവന്റെ ഗതികേടിലേക്കാണ് തള്ളി വിട്ടത് എന്ന നഗ്ന സത്യം ഉൾകൊള്ളാൻ പോലും ശ്രമിക്കാത്ത ഭരണ വരേണ്യ വർഗം ആണ് എന്നെ, രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്നത് എന്നത് വളരെ പ്രതീക്ഷാത്മകം തന്നെ..
അന്ത്യം, ഇന്ന് ഞാനനുഭവിക്കുന്ന സാമ്പത്തിക സാമൂഹിക അരക്ഷിതാവസ്ഥക്കും, വികലമായ നയതന്ത്രങ്ങളുടെ, സാമ്പത്തിക നയങ്ങളുടെ ബാക്കിപത്രങ്ങളാകുന്ന പിന്നോക്കാവസ്ഥക്കും, അരാജകത്വത്തിനും നെഹ്‌റു മുതൽ കക്കൂസ് നിർമാണം വരെ കാരണങ്ങളാണെന്നുള്ള ഭരണ വർഗ്ഗ മേലാളന്മാർ മുതൽ തുക്കടാ പോരാളികളുടെ വരെ യാതൊരു ലജ്ജയുമില്ലാത്ത ന്യായീകരണങ്ങൾ മാത്രമാണ് പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിൽ മഹത്വവൽക്കരിക്കപ്പെടുന്നത് എന്ന തിരിച്ചറിവാണ് നിരാശയുടെ പാരമ്യത്തിലുള്ള സാധാരണക്കാരന്റെ യഥാർത്ഥ ഗതികേട് ..
NB:ട്രംപ് മാമന്റെ വീട്ടിലും ബോറിസ് മാമന്റെ വീട്ടിലും എല്ലാം ഇവിടിത്തപോലെ തന്നെ ഇരുട്ടാണെന്നുള്ളതാണ് ഒരാശ്വാസം......
നാജി