Thursday, 9 July 2020

വാർത്തയുടെ രാഷ്ട്രീയം

2 മാസം ജോലിയുപേക്ഷിച്ചു, സാമൂഹിക അകലം പാലിച്ചു, വീട്ടിലിരുന്നു കൊറോണയെ പിടിച്ചു കെട്ടാൻ നാം കഷ്ടപ്പെട്ട, വ്യാപനത്തിന്റെ തോത് 1ൽ നിന്ന് 10ലേക്ക് മാറുന്ന വാർത്തകൾ നമ്മെ കൂടുതൽ കരുതലിലേക്കു നയിച്ചിരുന്ന അവസ്ഥയിൽ നിന്ന് നാം ഒരുപാടു മാറിയിരിക്കുന്നു.....സ്വർണ കടത്തിന്റെ ഡിപ്ലോമാറ്റിക് ബാഗ്ഗജ് കെട്ടിയിട്ട തെങ്ങും, തെങ്ങിന്റെ വലിപ്പവും, വണ്ണവും, തെങ്ങിന് വളമിട്ട അയൽക്കാരുടെ വർണനകളും, ഒളിഞ്ഞു നോട്ടങ്ങളുടെ ചാര കഥകളും അക്കരെ ഇക്കരെ നിന്ന് ഈ കുറ്റകൃത്യത്തിന്റെ ആസൂത്രണവും, ലാഭവും പങ്കിട്ടെടുക്കുന്ന വമ്പൻ സ്രാവുകൾക്കപ്പുറം, ഇടനിലക്കാരന്റെ രാഷ്ട്രീയവും തൊഴുത്തിലെ പശുവിന്റെ നിറവുമാണ് ഇന്ന് നമ്മുടെ വാർത്ത... കള്ളക്കടത്തിലെ കർമസഹായിയും, കൂട്ടാളിയുമായിരുന്ന  പുരുഷനും പോലും തുല്യമായ താരമൂല്യം പതിച്ചു നൽകാത്ത വാഴ്ത്തലുകളുടെ മഹത്തായ വാർത്തകൾ....സാമൂഹ്യ മാധ്യമങ്ങളെ മൊത്തം കീഴടക്കി അജയ്യരായി മുന്നേറുന്ന, നാറുന്ന,
ഇക്കിളി കഥകൾക്ക് 'മനസാക്ഷിയുടെ കോടതിയിൽ കാലം കാത്തു വെച്ച കാവ്യ നീതി' എന്ന  മേൽവിലാസം നൽകുന്ന പ്രതിച്ഛായ നീതിയുടേത് തന്നെ എന്ന ന്യായീകരണത്തിനു ലഭിച്ച സ്വീകാര്യതയെ അംഗീകരിക്കാതെ വയ്യ... 
ഉപ്പു തിന്നവനാരാണെങ്കിലും വെള്ളം കുടിക്കണമെന്ന അടിസ്ഥാന തത്വത്തിനപ്പുറം 
ഇതാണോ നാം അറിയേണ്ട, ചർച്ച ചെയ്യേണ്ട, പ്രതികരിക്കേണ്ട വാർത്തകൾ... സാധാരണക്കാരന്റെ അന്നം മുട്ടിച്ചു റെക്കോർഡിട്ട ഇന്ധന വില വർധന, പാത്രം കൊട്ടിയിട്ടും ദീപം തെളിയിച്ചിട്ടും പൂക്കൾ വിതറിയിട്ടും ഉയർച്ചകളിലേക്ക് മാത്രം പോകുന്ന കോവിഡ് സമൂഹ വ്യാപനം, കോവിഡിന്റെ മറപറ്റി സാമ്പത്തിക പരിഷ്കാരമെന്ന മേൽവിലാസത്തിൽ നടത്തുന്ന സ്വകാര്യ വൽക്കരണം, ഡൽഹി കലാപത്തിന്റെ മേൽവിലാസത്തിൽ നടക്കുന്ന ഭരണകൂട ഭീകരതയും, മനുഷ്യാവകാശ ലംഘനങ്ങളും,
വിദ്യാർത്ഥികളുടെ പഠന ഭാരം കുറക്കുന്നതിനായി ജനാതിപത്യം, മതേതരത്വം, പൗരത്വം തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കൽ തുടങ്ങിയ ജനങ്ങളെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന  പ്രശ്നങ്ങൾക്ക് ഒരു വാൽക്കഷ്ണം വാർത്തക്കപ്പുറം പ്രാധാന്യം നൽകപ്പെടാത്തത്  എന്ത് കൊണ്ടാണ്... നമ്മെ നയിക്കേണ്ട പ്രതിബദ്ധതയുള്ള, പരിഷ്കർത്താക്കളായ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വങ്ങളിൽ പ്രതീക്ഷയുടെ വിളക്ക് തിരി എന്ന പോലെ എന്നും കലഹിക്കുന്ന അപൂർവം വ്യക്തിത്വങ്ങൾക്കപ്പുറം
 ഖദറിട്ടവരും,പൊന്നരിവാൾ ഉയർത്തി പിടിച്ചവരും, സാമുദായിക നവോത്ഥനക്കാരും 
 ശക്തമായ വിയോജിപ്പുകൾക്കും, ഒറ്റ വരി പ്രസ്താവനകൾക്കുമപ്പുറം ക്രിയാത്മകമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും സംഘടിപ്പിക്കാത്തതു എന്ത് കൊണ്ടാണ് ...
                                                                                                                             നാജി 

Friday, 3 July 2020

ഓർമ്മത്തുണ്ടുകൾ

അരണ്ട വെളിച്ചത്തിൽ പല നിറങ്ങളിലുള്ള ലായനികൾ നിരത്തി വെച്ച മുറി, തലയ്ക്കു മീതെ ചരിച്ചു  തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ,  ലായനികളിലെ നിറങ്ങളെ കലർത്തി തൂക്കിയിട്ട ആ ചിത്രങ്ങൾ എന്റെ ഓർമകളാണ്.കഴിഞ്ഞ കാലത്തിൽ ആ ഓർമ്മകൾ എനിക്ക് സമ്മാനിച്ച അനുഭുതികളെ പൂർണതയോടെ ഉത്തേജിപ്പിക്കാൻ കെൽപ്പുള്ള 'ഓർമ്മത്തുണ്ടുകൾ'. 
വ്യക്തികളെയും സംഭവങ്ങളെയും കാലഘട്ടങ്ങളെയും ഞാനാ അരണ്ട വെളിച്ചമുള്ള മുറിക്കുള്ളിൽ വെറും ചിത്രങ്ങളായി  ചെരിച്ചു തൂക്കിയിട്ടിരിക്കുകയാണ്. എനിക്കപ്പുറം എത്തി നോക്കാൻ തുനിയുന്ന എല്ലാവർക്കും  അത് വെറും ചിത്രങ്ങളാണ് , "ഒരു നിമിഷത്തിന്റെ കഥ" 
പക്ഷെ ആ ചിത്രങ്ങൾക്കെല്ലാം പിന്നിൽ എന്റെ ഇന്നലെകളിലെ  കുറിക്കപ്പെട്ടതും, മറക്കപ്പെട്ടതുമായ ചരിത്രങ്ങൾ ഉണ്ട്.  വിരഹങ്ങളും  വികാരങ്ങളും ഉണ്ട്, സന്തോഷങ്ങളും ദുഃഖങ്ങളും ഉണ്ട്, മധുരവും കയ്പ്പും നിറഞ്ഞ രുചിഭേദങ്ങൾ വരെ ഉണ്ട്‌ .....
താഴെ നിരത്തിയ ലായനികളിലെ മുഴുവൻ വർണങ്ങളും എടുത്തണിഞ്ഞ, പൂർണമായ, സുന്ദരമായ ചില ചിത്രങ്ങളുണ്ട് ...
പെയ്തൊഴിഞ്ഞ മഴ ബാക്കി വെച്ച കാൽപ്പാടുകളെ പോലെ അപൂർണമായ
ചില ചിത്രങ്ങൾ ഉണ്ട്, അരണ്ട വെളിച്ചത്തിലെ വികൃതമായ നിഴലുകളെ പോലെ........
പുതിയ ചിത്രങ്ങൾക്ക് നിറങ്ങൾ ചാർത്തുമ്പോഴെങ്കിലും പുറകിലോട്ടു എത്തി നോക്കാറുണ്ടെങ്കിലും, ഒരു ദിവസം ഒരു യാത്ര പോവണം... തിരിഞ്ഞു നിന്ന് മുന്നോട്ട് ..... കഴിഞ്ഞു പോയ കാലത്തിലേക്ക്.. ....
                                                         നാജി