Friday, 3 July 2020

ഓർമ്മത്തുണ്ടുകൾ

അരണ്ട വെളിച്ചത്തിൽ പല നിറങ്ങളിലുള്ള ലായനികൾ നിരത്തി വെച്ച മുറി, തലയ്ക്കു മീതെ ചരിച്ചു  തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ,  ലായനികളിലെ നിറങ്ങളെ കലർത്തി തൂക്കിയിട്ട ആ ചിത്രങ്ങൾ എന്റെ ഓർമകളാണ്.കഴിഞ്ഞ കാലത്തിൽ ആ ഓർമ്മകൾ എനിക്ക് സമ്മാനിച്ച അനുഭുതികളെ പൂർണതയോടെ ഉത്തേജിപ്പിക്കാൻ കെൽപ്പുള്ള 'ഓർമ്മത്തുണ്ടുകൾ'. 
വ്യക്തികളെയും സംഭവങ്ങളെയും കാലഘട്ടങ്ങളെയും ഞാനാ അരണ്ട വെളിച്ചമുള്ള മുറിക്കുള്ളിൽ വെറും ചിത്രങ്ങളായി  ചെരിച്ചു തൂക്കിയിട്ടിരിക്കുകയാണ്. എനിക്കപ്പുറം എത്തി നോക്കാൻ തുനിയുന്ന എല്ലാവർക്കും  അത് വെറും ചിത്രങ്ങളാണ് , "ഒരു നിമിഷത്തിന്റെ കഥ" 
പക്ഷെ ആ ചിത്രങ്ങൾക്കെല്ലാം പിന്നിൽ എന്റെ ഇന്നലെകളിലെ  കുറിക്കപ്പെട്ടതും, മറക്കപ്പെട്ടതുമായ ചരിത്രങ്ങൾ ഉണ്ട്.  വിരഹങ്ങളും  വികാരങ്ങളും ഉണ്ട്, സന്തോഷങ്ങളും ദുഃഖങ്ങളും ഉണ്ട്, മധുരവും കയ്പ്പും നിറഞ്ഞ രുചിഭേദങ്ങൾ വരെ ഉണ്ട്‌ .....
താഴെ നിരത്തിയ ലായനികളിലെ മുഴുവൻ വർണങ്ങളും എടുത്തണിഞ്ഞ, പൂർണമായ, സുന്ദരമായ ചില ചിത്രങ്ങളുണ്ട് ...
പെയ്തൊഴിഞ്ഞ മഴ ബാക്കി വെച്ച കാൽപ്പാടുകളെ പോലെ അപൂർണമായ
ചില ചിത്രങ്ങൾ ഉണ്ട്, അരണ്ട വെളിച്ചത്തിലെ വികൃതമായ നിഴലുകളെ പോലെ........
പുതിയ ചിത്രങ്ങൾക്ക് നിറങ്ങൾ ചാർത്തുമ്പോഴെങ്കിലും പുറകിലോട്ടു എത്തി നോക്കാറുണ്ടെങ്കിലും, ഒരു ദിവസം ഒരു യാത്ര പോവണം... തിരിഞ്ഞു നിന്ന് മുന്നോട്ട് ..... കഴിഞ്ഞു പോയ കാലത്തിലേക്ക്.. ....
                                                         നാജി

No comments:

Post a Comment