Friday, 29 May 2020

നടത്തത്തിന്റെ രാഷ്ട്രീയം

കഴിച്ച ഭക്ഷണം ദഹിപ്പിക്കാൻ രണ്ട് മൂന്ന് കിലോമീറ്ററുകൾ നടക്കുന്നതിനപ്പുറം, ഇന്നലകളിൽ നാലും അഞ്ചും കിലോമീറ്ററുകൾ അകലെയുള്ള വിദ്യാലയത്തിലേക്ക് നടന്നു പോയി പഠിച്ചു 'ഇവിടം വരെ' എത്തിയതിന്റെ തള്ളുകൾക്കും അപ്പുറം നടത്തത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് നിങ്ങൾക്കെന്തറിയാം?? ഗാന്ധി നടന്ന 390 കിലോമീറ്ററുകളുടെ രാഷ്ട്രീയത്തെ  കുറിച്ചറിയാമോ?? പ്രതികരണത്തിന്റെ, പ്രതിരോധത്തിന്റെ രാഷ്ട്രീയം ..അതായിരുന്നു ദണ്ഡി യാത്ര ...
അതിജീവനത്തിന്റെ തുരുത്തുകൾ അങ്ങകലെ മരുപ്പച്ച ആണെന്നറിഞ്ഞിട്ടും 1000 കിലോമീറ്ററുകളോളം നടക്കാനിറങ്ങിയ ഭാരതീയരെ നിങ്ങൾക്കറിയാമോ..
ആ നടത്തത്തിന്റെ രാഷ്ട്രീയം അറിയുമോ?? നഗ്നപാദരായി ചുട്ടുപൊള്ളുന്ന എക്സ്പ്രസ്സ്  ഹൈവേകളിലൂടെയും, അറ്റമില്ലാത്ത റെയിൽവേ ട്രാക്കുകളിലൂടെയും നടന്നുനീങ്ങുന്ന നിസ്സഹായരായ മനുഷ്യന്റെ നടത്തത്തിന്റെ രാഷ്ട്രീയം... വഴിയിലെ ചളി വെള്ളത്തിൽ ദാഹം തീർത്തവന്റെ, വെള്ളം കിട്ടാതെ മരിച്ചു വീണവന്റെ, ചത്ത് ജീർണിച്ച പട്ടിയെ വരെ തിന്നു വിശപ്പ് മാറ്റിയവരുടെ,പുറകിൽ നിന്നും വന്ന തീവണ്ടിക്കടിയിൽ ചതഞ്ഞരഞ്ഞവന്റെ  നടത്തത്തിന്റെ രാഷ്ട്രീയം..
പൊള്ളി തിമിർത്ത കുഞ്ഞു കാലുകളിൽ പ്ലാസ്റ്റിക് കുപ്പികൊണ്ട് ചെരുപ്പ് തീർത്തു നടക്കുന്ന കുഞ്ഞുങ്ങളുടെ, തളർന്നു വീണ കുഞ്ഞുങ്ങളെ തലയിലെ കുട്ടയിൽ കെട്ടിവെച്ചു മുന്നോട്ടു തന്നെ നടക്കുന്ന അമ്മമാരുടെ നടത്തത്തിന്റെ രാഷ്ട്രീയം..
നിങ്ങൾക്കറിയുമോ ആ രാഷ്ട്രീയം ????
അത് 'വിശപ്പിന്റെ രാഷ്ട്രീയമാണ്' ...
എന്നാൽ മഹത്വവത്കരിക്കപ്പെടുന്ന ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ ശ്രീകോവിലിനപ്പുറം, പിന്നാമ്പുറത്തെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ വിശപ്പിന്റെ രാഷ്ട്രീയത്തിന് എന്ത് വില എന്ന ചിന്ത പോലും ഒരാഡംബരമാണെന്നതാണ് ഭാരതമെന്ന മഹാ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ഇന്ന് നിയന്ത്രിക്കുന്ന രാഷ്ട്രീയം..' മഹത്വവൽക്കരിക്കപ്പെടുന്ന 
ഇന്ത്യൻ രാഷ്ട്രീയം '
                                                                      നാജി 

1 comment:

  1. Thaangalude thoolika iniyum chalikate.. nallezhuth..

    ReplyDelete