Thursday, 9 July 2020

വാർത്തയുടെ രാഷ്ട്രീയം

2 മാസം ജോലിയുപേക്ഷിച്ചു, സാമൂഹിക അകലം പാലിച്ചു, വീട്ടിലിരുന്നു കൊറോണയെ പിടിച്ചു കെട്ടാൻ നാം കഷ്ടപ്പെട്ട, വ്യാപനത്തിന്റെ തോത് 1ൽ നിന്ന് 10ലേക്ക് മാറുന്ന വാർത്തകൾ നമ്മെ കൂടുതൽ കരുതലിലേക്കു നയിച്ചിരുന്ന അവസ്ഥയിൽ നിന്ന് നാം ഒരുപാടു മാറിയിരിക്കുന്നു.....സ്വർണ കടത്തിന്റെ ഡിപ്ലോമാറ്റിക് ബാഗ്ഗജ് കെട്ടിയിട്ട തെങ്ങും, തെങ്ങിന്റെ വലിപ്പവും, വണ്ണവും, തെങ്ങിന് വളമിട്ട അയൽക്കാരുടെ വർണനകളും, ഒളിഞ്ഞു നോട്ടങ്ങളുടെ ചാര കഥകളും അക്കരെ ഇക്കരെ നിന്ന് ഈ കുറ്റകൃത്യത്തിന്റെ ആസൂത്രണവും, ലാഭവും പങ്കിട്ടെടുക്കുന്ന വമ്പൻ സ്രാവുകൾക്കപ്പുറം, ഇടനിലക്കാരന്റെ രാഷ്ട്രീയവും തൊഴുത്തിലെ പശുവിന്റെ നിറവുമാണ് ഇന്ന് നമ്മുടെ വാർത്ത... കള്ളക്കടത്തിലെ കർമസഹായിയും, കൂട്ടാളിയുമായിരുന്ന  പുരുഷനും പോലും തുല്യമായ താരമൂല്യം പതിച്ചു നൽകാത്ത വാഴ്ത്തലുകളുടെ മഹത്തായ വാർത്തകൾ....സാമൂഹ്യ മാധ്യമങ്ങളെ മൊത്തം കീഴടക്കി അജയ്യരായി മുന്നേറുന്ന, നാറുന്ന,
ഇക്കിളി കഥകൾക്ക് 'മനസാക്ഷിയുടെ കോടതിയിൽ കാലം കാത്തു വെച്ച കാവ്യ നീതി' എന്ന  മേൽവിലാസം നൽകുന്ന പ്രതിച്ഛായ നീതിയുടേത് തന്നെ എന്ന ന്യായീകരണത്തിനു ലഭിച്ച സ്വീകാര്യതയെ അംഗീകരിക്കാതെ വയ്യ... 
ഉപ്പു തിന്നവനാരാണെങ്കിലും വെള്ളം കുടിക്കണമെന്ന അടിസ്ഥാന തത്വത്തിനപ്പുറം 
ഇതാണോ നാം അറിയേണ്ട, ചർച്ച ചെയ്യേണ്ട, പ്രതികരിക്കേണ്ട വാർത്തകൾ... സാധാരണക്കാരന്റെ അന്നം മുട്ടിച്ചു റെക്കോർഡിട്ട ഇന്ധന വില വർധന, പാത്രം കൊട്ടിയിട്ടും ദീപം തെളിയിച്ചിട്ടും പൂക്കൾ വിതറിയിട്ടും ഉയർച്ചകളിലേക്ക് മാത്രം പോകുന്ന കോവിഡ് സമൂഹ വ്യാപനം, കോവിഡിന്റെ മറപറ്റി സാമ്പത്തിക പരിഷ്കാരമെന്ന മേൽവിലാസത്തിൽ നടത്തുന്ന സ്വകാര്യ വൽക്കരണം, ഡൽഹി കലാപത്തിന്റെ മേൽവിലാസത്തിൽ നടക്കുന്ന ഭരണകൂട ഭീകരതയും, മനുഷ്യാവകാശ ലംഘനങ്ങളും,
വിദ്യാർത്ഥികളുടെ പഠന ഭാരം കുറക്കുന്നതിനായി ജനാതിപത്യം, മതേതരത്വം, പൗരത്വം തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കൽ തുടങ്ങിയ ജനങ്ങളെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന  പ്രശ്നങ്ങൾക്ക് ഒരു വാൽക്കഷ്ണം വാർത്തക്കപ്പുറം പ്രാധാന്യം നൽകപ്പെടാത്തത്  എന്ത് കൊണ്ടാണ്... നമ്മെ നയിക്കേണ്ട പ്രതിബദ്ധതയുള്ള, പരിഷ്കർത്താക്കളായ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വങ്ങളിൽ പ്രതീക്ഷയുടെ വിളക്ക് തിരി എന്ന പോലെ എന്നും കലഹിക്കുന്ന അപൂർവം വ്യക്തിത്വങ്ങൾക്കപ്പുറം
 ഖദറിട്ടവരും,പൊന്നരിവാൾ ഉയർത്തി പിടിച്ചവരും, സാമുദായിക നവോത്ഥനക്കാരും 
 ശക്തമായ വിയോജിപ്പുകൾക്കും, ഒറ്റ വരി പ്രസ്താവനകൾക്കുമപ്പുറം ക്രിയാത്മകമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും സംഘടിപ്പിക്കാത്തതു എന്ത് കൊണ്ടാണ് ...
                                                                                                                             നാജി 

Friday, 3 July 2020

ഓർമ്മത്തുണ്ടുകൾ

അരണ്ട വെളിച്ചത്തിൽ പല നിറങ്ങളിലുള്ള ലായനികൾ നിരത്തി വെച്ച മുറി, തലയ്ക്കു മീതെ ചരിച്ചു  തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ,  ലായനികളിലെ നിറങ്ങളെ കലർത്തി തൂക്കിയിട്ട ആ ചിത്രങ്ങൾ എന്റെ ഓർമകളാണ്.കഴിഞ്ഞ കാലത്തിൽ ആ ഓർമ്മകൾ എനിക്ക് സമ്മാനിച്ച അനുഭുതികളെ പൂർണതയോടെ ഉത്തേജിപ്പിക്കാൻ കെൽപ്പുള്ള 'ഓർമ്മത്തുണ്ടുകൾ'. 
വ്യക്തികളെയും സംഭവങ്ങളെയും കാലഘട്ടങ്ങളെയും ഞാനാ അരണ്ട വെളിച്ചമുള്ള മുറിക്കുള്ളിൽ വെറും ചിത്രങ്ങളായി  ചെരിച്ചു തൂക്കിയിട്ടിരിക്കുകയാണ്. എനിക്കപ്പുറം എത്തി നോക്കാൻ തുനിയുന്ന എല്ലാവർക്കും  അത് വെറും ചിത്രങ്ങളാണ് , "ഒരു നിമിഷത്തിന്റെ കഥ" 
പക്ഷെ ആ ചിത്രങ്ങൾക്കെല്ലാം പിന്നിൽ എന്റെ ഇന്നലെകളിലെ  കുറിക്കപ്പെട്ടതും, മറക്കപ്പെട്ടതുമായ ചരിത്രങ്ങൾ ഉണ്ട്.  വിരഹങ്ങളും  വികാരങ്ങളും ഉണ്ട്, സന്തോഷങ്ങളും ദുഃഖങ്ങളും ഉണ്ട്, മധുരവും കയ്പ്പും നിറഞ്ഞ രുചിഭേദങ്ങൾ വരെ ഉണ്ട്‌ .....
താഴെ നിരത്തിയ ലായനികളിലെ മുഴുവൻ വർണങ്ങളും എടുത്തണിഞ്ഞ, പൂർണമായ, സുന്ദരമായ ചില ചിത്രങ്ങളുണ്ട് ...
പെയ്തൊഴിഞ്ഞ മഴ ബാക്കി വെച്ച കാൽപ്പാടുകളെ പോലെ അപൂർണമായ
ചില ചിത്രങ്ങൾ ഉണ്ട്, അരണ്ട വെളിച്ചത്തിലെ വികൃതമായ നിഴലുകളെ പോലെ........
പുതിയ ചിത്രങ്ങൾക്ക് നിറങ്ങൾ ചാർത്തുമ്പോഴെങ്കിലും പുറകിലോട്ടു എത്തി നോക്കാറുണ്ടെങ്കിലും, ഒരു ദിവസം ഒരു യാത്ര പോവണം... തിരിഞ്ഞു നിന്ന് മുന്നോട്ട് ..... കഴിഞ്ഞു പോയ കാലത്തിലേക്ക്.. ....
                                                         നാജി

Wednesday, 24 June 2020

Privileged Middle Class അഥവാ സാധാരണക്കാരൻ-2

സ്വപ്നങ്ങളെ പിന്തുടരനും കീഴ്പെടുത്താനുമുള്ള ബഹുഭൂരിഭക്ഷം വരുന്ന 
ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെയും, അദ്ധ്വാനവർഗ്ഗത്തിന്റെയും 
ജീവിതയാത്ര നിലനിൽപ്പിനു വേണ്ടിയുള്ള 
 പോരാട്ടമായി രൂപാന്തരം പ്രാപിച്ചിട്ടു കാലമേറെയായി.   
ആ പോരാട്ടത്തിൽ ഇന്ത്യൻ ജനതയുടെ യഥാർത്ഥ എതിരാളി പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ശ്രമിക്കുന്ന തീവ്ര വലതു പക്ഷ, ഭരണ വരേണ്യ, വർഗീയ ശക്തികളും, അവരുടെ മണ്ടത്തരങ്ങളും, മണ്ടത്തരങ്ങളുടെ പരിണിത ഫലങ്ങളുമാണ്....
നോട്ട്‌ നിരോധനം,GST, വികലമായ നയതന്ത്രങ്ങൾ, സാമ്പത്തിക നയങ്ങൾ എന്നിവയുടെ പരിണിത ഫലങ്ങളോടെല്ലാം ഇന്നും നാം പല രീതിയിൽ പോരാടിക്കൊണ്ടിരിക്കുകയാണ് ... ഇന്ന് 
ആ പോരാട്ടത്തിൽ സാധാരണക്കാരന്റെ 
 ശക്തനായ എതിരാളിയാണ് ഇന്ധന വില വർധന... അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ വളരെ ചെറിയ ശതമാനം വർധിപ്പിച്ചും, പ്രത്യക്ഷത്തിൽ വർധിപ്പിക്കാതെയും, അതിലുപരി വർധിപ്പിച്ച അധിക വരുമാനം ആരുടേയും വീട്ടിൽ കൊണ്ടുപോകാതെയും, കക്കൂസുകൾ ഉണ്ടാക്കിയും, ജനാധിപത്യത്തിന്റെ നിലനിൽപ്പിനു വേണ്ടി MLA മാരെ വരെ വില കൊടുത്തു വാങ്ങിയും ഭരണ വർഗം സാധാരണക്കാരന്റെ നിലനിൽപ്പിനായുള്ള 
പോരാട്ടത്തിനെതിരെ നയിക്കുന്ന ഈ ഗറില്ലാ യുദ്ധത്തിന്റെ അന്തിമ ലക്ഷ്യം കൊട്ടിഘോഷിക്കപ്പെടുന്ന സമത്വ സുന്ദര രാമരാജ്യം ഒന്നുമല്ല എന്നതാണ് സത്യം... രാമരാജ്യം എന്ന ആശയ സംഹിത, പ്രജകളാൽ ചോദ്യം ചെയ്യപ്പെടാതെ, എതിർക്കപ്പെടാതെ കുത്തക മുതലാളിത്ത സാമ്പത്തിക സംസ്കാരത്തിലേക്ക് ഇന്ത്യയെ തീറെഴുതുന്നതിനുള്ള ഏറ്റവും സുഗമമായ കുറുക്കുവഴി മാത്രമാണ്...
NB:തകർച്ചയുടെ പാരമ്യത്തിലും ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ധന നികുതി (250%) നൽകുന്നത് നമ്മളാണെന്നതാണ് ഏക ആശ്വാസം.. 
                                                                    നാജി 

Friday, 19 June 2020

Privileged Middle Class അഥവാ സാധാരണക്കാരൻ

നാളെകളിലെ എന്റെ ജീവിതം സ്വപ്നങ്ങളുടെ ചിറകുകൾക്ക് മുകളിലെ പ്രതീക്ഷകളുടെ ഒരു സാമ്രാജ്യം മാത്രമാണ്. കൊടുത്തു തീർക്കേണ്ട ബാധ്യതകളുടെയും, ചെയ്തു തീർക്കേണ്ട  കടമകളുടെയും,  അതിനും മുകളിൽ പണിതു തീർക്കേണ്ട സ്വപ്നങ്ങളുടെയും സമവാക്യങ്ങളിൽ ഇന്നിനെ ജീവിച്ചു തീർക്കുന്ന ഒരു സാധാരണക്കാരൻ..
കൊറോണ എന്ന കോവിഡ് -19 മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്‌തുകൊണ്ട്‌  ഉത്തരമില്ലാത്ത ചോദ്യമായി മാറിയപ്പോൾ നമ്മളെത്തിപ്പെട്ട ഉത്തരം ഒളിച്ചോട്ടമായിരുന്നു.ആർക്കും തോല്പിക്കാനോ എത്തിപ്പെടാനോ കഴിയില്ലെന്ന് നാം എന്നും വിശ്വസിച്ചിട്ടുള്ള സ്വന്തം വീടിന്റെ അകത്തളങ്ങളിലേക്കുള്ള പിൻവാങ്ങൽ..
രാത്രിയിലെ പേടിപ്പെടുത്തുന്ന അന്ധകാരത്തിനപ്പുറം വരാനിരിക്കുന്ന പ്രഭാതത്തിനു വേണ്ടി, മാറ്റിവെച്ച സ്വപ്നങ്ങളുടെ ഭാണ്ഡവും, തിരിച്ചറിയാനോ ശരിപ്പെടുത്താനോ കഴിയാത്ത സാമ്പത്തിക സമവാക്യങ്ങളുടെ ഭാരവും തലയിലേറ്റി ആ വാതിലിനു പുറകിൽ ദിവസങ്ങളോളം ഞാൻ ഒളിച്ചിരുന്നു.. സാമൂഹിക അകലം കൃത്യമായി തന്നെ പാലിച്ചു.. യുക്തിയുടെ അളവുകോലിനെ മാറ്റി വെച്ച് പാത്രം കൊട്ടുകയും ദീപം കത്തിക്കുകയും ചെയ്‌തു..കോവിഡിന്റെ രാഷ്ട്രീയവും, മതവും, ജാതിയും, നിറവും, സമുദായവും ഇഴ കീറി പരിശോധിച്ചു...
ഇരുപതു ലക്ഷം കോടിയിൽ നിന്ന് സാധാരണക്കാരന്റെ, എന്റെ ജീവിതത്തിന്റെ കൈവിട്ടു പോകുന്ന പ്രകാശത്തെ കനലുകളാക്കി നിലനിർത്താനെങ്കിലും അവകാശപെട്ടതിനപ്പുറം ഒരു തരി 
ഔദാര്യമെങ്കിലും ഞാൻ പ്രതീക്ഷിച്ചു..
വരാൻ പോകുന്ന സ്വാകാര്യവത്കരണത്തിൽ നിന്നും കൂലിപ്പണിക്കാരനും, മത്സ്യത്തൊഴിലാളികളും അടങ്ങുന്ന 18 ലക്ഷം വരെ വർഷം സമ്പാദിക്കുന്ന ഒരു സാധാരണ ഇന്ത്യൻ മധ്യവർഗ ജനാധിപത്യ വിശ്വാസിയായ പൗരന്  ലഭിക്കാൻ പോകുന്ന അവസരങ്ങളുടെ അനന്ത സാധ്യതകൾ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ധനകാര്യ മന്ത്രി ആത്മ സംതൃപ്തിയോടെ വിളംബരം ചെയ്‌തപ്പോൾ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ അത് നമ്മുടെ തോൽവി തന്നെയായിരുന്നു..
3 മാസത്തോളം വീടിനകത്തു ഒളിച്ചിരുന്ന് കോറോണയോടു പോരാടിയിട്ടും ആ പോരാട്ടം പോലും ജനങ്ങൾക്ക് വേണ്ടി വിജയിക്കാൻ സാധിക്കാത്ത ഒരു ഭരണകൂടത്തെ ഞാനെങ്ങനെയാണ് വിശ്വസിക്കേണ്ടത്??? ഞാൻ പാഴാക്കിയ എന്റെ സമയം, എന്റെ ജീവിതം, ഞാൻ നൽകുന്ന നികുതി എന്നിവക്കെല്ലാം എന്ത് വിശ്വാസ്യതയാണ് എന്റെ ഭരണകൂടം എനിക്ക് നൽകുന്നത്??
ഇന്ന് വീണ്ടും വീടിന്റെ അകത്തളങ്ങളിൽ നിന്ന് പുറത്തിറങ്ങി പ്രയത്നിക്കാൻ ഞാനടങ്ങുന്ന ജനത നിർബന്ധരായതു മറഞ്ഞിരിക്കുന്ന കോവിഡിനെ ഭയമില്ലാത്തതുകൊണ്ടല്ല..മറിച്ചു  ഭരണകൂടങ്ങളെ എന്തിനു നീതിന്യായ വ്യവസ്ഥിതിയിൽ പോലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയതിനാൽ മാത്രമാണ്.
അന്ത്യം വാഹനങ്ങളുള്ള ധനികരെ മാത്രം  ലക്ഷ്യമാക്കിയുള്ള ഇന്ധന വില വർധന ന്യുനപക്ഷമായ ധനികരെ ബാധിച്ചില്ലെന്നു മാത്രമല്ല ഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ പ്രതീക്ഷക്കു വകയില്ലാത്തവന്റെ ഗതികേടിലേക്കാണ് തള്ളി വിട്ടത് എന്ന നഗ്ന സത്യം ഉൾകൊള്ളാൻ പോലും ശ്രമിക്കാത്ത ഭരണ വരേണ്യ വർഗം ആണ് എന്നെ, രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്നത് എന്നത് വളരെ പ്രതീക്ഷാത്മകം തന്നെ..
അന്ത്യം, ഇന്ന് ഞാനനുഭവിക്കുന്ന സാമ്പത്തിക സാമൂഹിക അരക്ഷിതാവസ്ഥക്കും, വികലമായ നയതന്ത്രങ്ങളുടെ, സാമ്പത്തിക നയങ്ങളുടെ ബാക്കിപത്രങ്ങളാകുന്ന പിന്നോക്കാവസ്ഥക്കും, അരാജകത്വത്തിനും നെഹ്‌റു മുതൽ കക്കൂസ് നിർമാണം വരെ കാരണങ്ങളാണെന്നുള്ള ഭരണ വർഗ്ഗ മേലാളന്മാർ മുതൽ തുക്കടാ പോരാളികളുടെ വരെ യാതൊരു ലജ്ജയുമില്ലാത്ത ന്യായീകരണങ്ങൾ മാത്രമാണ്  പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിൽ മഹത്വവൽക്കരിക്കപ്പെടുന്നത് എന്ന തിരിച്ചറിവാണ് നിരാശയുടെ പാരമ്യത്തിലുള്ള സാധാരണക്കാരന്റെ യഥാർത്ഥ ഗതികേട് ..
NB:ട്രംപ് മാമന്റെ വീട്ടിലും ബോറിസ് മാമന്റെ വീട്ടിലും എല്ലാം ഇവിടിത്തപോലെ തന്നെ ഇരുട്ടാണെന്നുള്ളതാണ് ഒരാശ്വാസം......
                                                                    നാജി 

Tuesday, 9 June 2020

പോരാട്ടം

തീവ്ര വലതു പക്ഷ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ കീഴ്പ്പെടുത്തിയതും, അവിശ്വസനീയമാം വിധം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയെ സ്വേച്ഛാധിപത്യവൽക്കരിക്കുന്നതും, നീതിന്യായ വ്യവസ്ഥിയുടെ വിശ്വാസ്യതയിൽ അപകടകരമാം വിധം കൈ കടത്തുന്നതും, അതോടൊപ്പം ബഹുഭൂരിഭക്ഷം വരുന്ന ഇന്ത്യൻ ജനവിഭാഗങ്ങളെയും ദ്രുവീകരിച്ചും തെറ്റിദ്ധരിപ്പിച്ചും സ്വതന്ത്ര പൗരൻ എന്നതിലുപരി വെറും പ്രജകളാക്കി മാറ്റിയതും എങ്ങിനെയാണെന്ന് പഠിച്ചാൽ മാത്രമേ വരാനിരിക്കുന്ന കെട്ടകാലങ്ങളിൽ ഒരു പൗരൻ എന്ന നിലനിൽപ്പിനു വേണ്ടി നമുക്ക് ശബ്‌ദിക്കാൻ കഴിയുകയുള്ളു..
വിഭജിച്ചും, മുറിച്ചു മാറ്റിയും കഷണങ്ങളാക്കിയ ജില്ലകളുടെയും, സംസ്ഥാനങ്ങളുടെയും അതിർത്തി രേഖകൾ മുതൽ ഭാഷ, വേഷം, സംസ്കാരം, വിശ്വാസം, ആചാരം, അനാചാരം മതം, ജാതി എന്നിവയടക്കം ഇന്ത്യൻ ജനതയെ വിഭജിച്ചു നിർത്തുന്ന ഒട്ടനവധി ഘടകങ്ങൾക്കിടയിലും ഈ മഹാജനതയെ ഒന്നിച്ചു നിർത്താൻ ഒരു ഘടകമേ നമുക്കുള്ളൂ, അതാണ് "മാതൃരാജ്യം" ....
അതുകൊണ്ടു തന്നെ ധ്രുവീകരണം വളരെ എളുപ്പത്തിൽ സാധിക്കാവുന്നതുമാണ്.
 എന്നാൽ ആ ധ്രുവീകരണം നടപ്പിലാക്കുന്ന വഴിയാണ് പ്രധാനം.അർദ്ധ സത്യങ്ങളെയും, അസത്യങ്ങളെയും ദ്രുവീകരണ ഉപാധിയാക്കുന്നതിനായി, സാക്ഷ്യപ്പെടുത്തിയ സത്യങ്ങളായി അവതരിപ്പിക്കാനും, അവ നിമിഷാർദ്ധങ്ങൾ കൊണ്ട് കത്തി പടരുന്ന കാട്ടുതീയായി നിലനിർത്താൻ സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിൽ അവലംബിക്കുന്ന കാര്യക്ഷമതയും തീവ്ര വലതുപക്ഷത്തിനു നൽകുന്ന മേൽക്കോയ്മ അവിശ്വസനീയമാണ്.ഇവിടെയാണ് ഒരു പൗരൻ എന്ന നിലയിൽ നാം പ്രതിരോധം തീർക്കേണ്ടത്.. 
പ്രബുദ്ധരായ മലയാളിക്ക് അർദ്ധസത്യങ്ങളെയും, അസത്യങ്ങളെയും വേർതിരിച്ചു മനസിലാക്കാനും കേരളമെന്ന കൊച്ചു സ്വർഗത്തെ ആ കാട്ടുതീയിൽ നിന്നും മാറ്റി നിർത്താൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് 
 എന്നത് വാസ്തവമാണ്..
 എന്നാൽ കേരളത്തിനപ്പുറം ഇത്തരം ധ്രുവീകരണങ്ങൾക്കെതിരെ ആരംഭ ഘട്ടങ്ങളിൽ തന്നെ യുദ്ധം ചെയ്യാൻ നമുക്ക് സാധിക്കേണ്ടതുണ്ട് ,അത് കാലത്തിന്റെ ആവശ്യകതയാണ്,അതാണ് സമൂഹ മാധ്യമങ്ങളിലെ പോരാട്ടം 
അർദ്ധ സത്യങ്ങളെയും അസത്യങ്ങളെയും സമൂഹ മാധ്യമങ്ങളിൽ സ്വതസിദ്ധമായ മലയാളത്തിൽ പൂർണമായും ഇല്ലായ്മ ചെയ്യുന്നത് പോലെ മറ്റു ഭാഷകളിലും പ്രതിരോധിക്കാൻ നാം തയാറാകേണ്ടതുണ്ട് 
വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്കപ്പുറം ഫേസ്ബുക്കിലെ കമ്മി, കൊങ്ങി, മൂരി പോരാട്ടങ്ങൾക്കും അപ്പുറം ഫേസ്ബുക്കിലും അതിലുപരി ട്വിറ്ററിലും സജീവമായ പോരാട്ടങ്ങളെ മലയാളത്തിന്റ അതിർത്തികൾക്കപ്പുറം പ്രതിരോധിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.. പ്രബുദ്ധരായ മലയാളിക്ക് കേരളമെന്ന അതിർത്തിക്കപ്പുറം ഭാരതമെന്ന മാതൃരാജ്യത്തോടുള്ള കടമ തന്നെയാണത്.
                                        നാജി 

Saturday, 6 June 2020

വെളുത്ത നിറമുള്ള കാത്തിരുപ്പ്



കാത്തിരിപ്പുകൾക്കും നിറങ്ങളുണ്ട്.

കണ്ണുനീരിന്റെ ഉപ്പുരസമുള്ള കാത്തിരുപ്പുകളുടെ നിറം കറുപ്പാണ് .
പ്രതീക്ഷകളുടെ കാത്തിരിപ്പുകൾക്കു സ്വർണ നിറമാണ്. 
ജീവിതത്തെ മാറ്റിമറിക്കാൻ സ്വർഗ്ഗ കവാടത്തിന്റെ കഷ്ണവുമായി മാലാഖാമാർക്കൊപ്പം പറന്നു വരുന്ന ഒരു പുതിയ ജന്മത്തിനു വേണ്ടിയുള്ള 
 കാത്തിരിപ്പിന് വിശുദ്ധിയുടെ വെളുത്ത നിറമാണ് ...
'വെളുത്ത നിറമുള്ള കാത്തിരുപ്പ്'...
ചിന്തകളുടെ വേഗതയും, കാഴ്ചപ്പാടുകളുടെ വർണങ്ങളും മാറ്റിമറിക്കപ്പെടുന്ന കാത്തിരിപ്പിന്റെ കാലഘട്ടം ..
 മനസ്സിന്റെയും, ശരീരത്തിന്റെയും, വാഹനത്തിന്റെയും വേഗത മിതത്വത്തിനു വഴി മാറുന്ന കാത്തിരിപ്പിന്റെ കാലഘട്ടം ..
ശീലങ്ങളും, പതിവുകളും മാറ്റപെടുമ്പോഴും വേദനകളുടെയും, അസ്വസ്ഥതകളുടെയും ബുദ്ധിമുട്ടുകൾ അലട്ടുമ്പോഴും അതിലും മുകളിൽ ഉയർന്നു പറക്കുന്നത് ആ വെളുത്ത നിറമുള്ള കാത്തിരിപ്പിന്റെ ദൈവീകമായ ഒരനുഭൂതി തന്നെയായിരിക്കും.. 
നാളുകൾക്കപ്പുറം ഞാനെന്ന വ്യക്തിയുടെ കാഴ്ചകൾക്കും ആസ്വാദനത്തിന്റെ അർത്ഥ തലങ്ങൾക്കും സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ വെല്ലുവിളി തന്നെയാണെങ്കിലും അതിന് മുകളിലും പാറിപ്പറക്കുന്നത് വെളുത്ത നിറമുള്ള പ്രതീക്ഷകളുടെ സുന്ദര സങ്കൽപ്പങ്ങൾ 
 തന്നെയായിരിക്കും. നാളെകൾക്കു വേണ്ടി ഞാൻ അക്ഷമനാണ് ...നിഷ്കളങ്കമായ ആ പുഞ്ചിരികളും കാൽവെപ്പുകളും ഉപ്പയെന്ന, ഉമ്മയെന്ന വിളികളും എന്റെ ഉന്നതമായ വിജയങ്ങളായിരിക്കും എന്ന പ്രതീക്ഷയിൽ ....
അന്ത്യം ,
മനുഷ്യ സഹജമായ വേദനകളിൽ ഏറ്റവും കാഠിന്യമേറിയ വേദനയെ പോലും പലപ്പോഴും സുഖ പ്രസവത്തിലേക്കു നിസ്സാരവത്കരിക്കുന്നത് അമ്മ കണ്ണുകളിൽ  പ്രതിഫലിക്കുന്ന ആത്മാഭിമാനവും അമ്മയെന്ന വികാരവും ചാരിതാർഥ്യവും ചുറ്റുപാടിലേക്കു പകർന്നു നൽകുന്ന പൂർണതയുടെ സൗന്ദര്യവും സൗരഭ്യവും കൊണ്ട് കൂടിയാണ് 
                                                  നാജി 

Friday, 29 May 2020

നടത്തത്തിന്റെ രാഷ്ട്രീയം

കഴിച്ച ഭക്ഷണം ദഹിപ്പിക്കാൻ രണ്ട് മൂന്ന് കിലോമീറ്ററുകൾ നടക്കുന്നതിനപ്പുറം, ഇന്നലകളിൽ നാലും അഞ്ചും കിലോമീറ്ററുകൾ അകലെയുള്ള വിദ്യാലയത്തിലേക്ക് നടന്നു പോയി പഠിച്ചു 'ഇവിടം വരെ' എത്തിയതിന്റെ തള്ളുകൾക്കും അപ്പുറം നടത്തത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് നിങ്ങൾക്കെന്തറിയാം?? ഗാന്ധി നടന്ന 390 കിലോമീറ്ററുകളുടെ രാഷ്ട്രീയത്തെ  കുറിച്ചറിയാമോ?? പ്രതികരണത്തിന്റെ, പ്രതിരോധത്തിന്റെ രാഷ്ട്രീയം ..അതായിരുന്നു ദണ്ഡി യാത്ര ...
അതിജീവനത്തിന്റെ തുരുത്തുകൾ അങ്ങകലെ മരുപ്പച്ച ആണെന്നറിഞ്ഞിട്ടും 1000 കിലോമീറ്ററുകളോളം നടക്കാനിറങ്ങിയ ഭാരതീയരെ നിങ്ങൾക്കറിയാമോ..
ആ നടത്തത്തിന്റെ രാഷ്ട്രീയം അറിയുമോ?? നഗ്നപാദരായി ചുട്ടുപൊള്ളുന്ന എക്സ്പ്രസ്സ്  ഹൈവേകളിലൂടെയും, അറ്റമില്ലാത്ത റെയിൽവേ ട്രാക്കുകളിലൂടെയും നടന്നുനീങ്ങുന്ന നിസ്സഹായരായ മനുഷ്യന്റെ നടത്തത്തിന്റെ രാഷ്ട്രീയം... വഴിയിലെ ചളി വെള്ളത്തിൽ ദാഹം തീർത്തവന്റെ, വെള്ളം കിട്ടാതെ മരിച്ചു വീണവന്റെ, ചത്ത് ജീർണിച്ച പട്ടിയെ വരെ തിന്നു വിശപ്പ് മാറ്റിയവരുടെ,പുറകിൽ നിന്നും വന്ന തീവണ്ടിക്കടിയിൽ ചതഞ്ഞരഞ്ഞവന്റെ  നടത്തത്തിന്റെ രാഷ്ട്രീയം..
പൊള്ളി തിമിർത്ത കുഞ്ഞു കാലുകളിൽ പ്ലാസ്റ്റിക് കുപ്പികൊണ്ട് ചെരുപ്പ് തീർത്തു നടക്കുന്ന കുഞ്ഞുങ്ങളുടെ, തളർന്നു വീണ കുഞ്ഞുങ്ങളെ തലയിലെ കുട്ടയിൽ കെട്ടിവെച്ചു മുന്നോട്ടു തന്നെ നടക്കുന്ന അമ്മമാരുടെ നടത്തത്തിന്റെ രാഷ്ട്രീയം..
നിങ്ങൾക്കറിയുമോ ആ രാഷ്ട്രീയം ????
അത് 'വിശപ്പിന്റെ രാഷ്ട്രീയമാണ്' ...
എന്നാൽ മഹത്വവത്കരിക്കപ്പെടുന്ന ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ ശ്രീകോവിലിനപ്പുറം, പിന്നാമ്പുറത്തെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ വിശപ്പിന്റെ രാഷ്ട്രീയത്തിന് എന്ത് വില എന്ന ചിന്ത പോലും ഒരാഡംബരമാണെന്നതാണ് ഭാരതമെന്ന മഹാ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ഇന്ന് നിയന്ത്രിക്കുന്ന രാഷ്ട്രീയം..' മഹത്വവൽക്കരിക്കപ്പെടുന്ന 
ഇന്ത്യൻ രാഷ്ട്രീയം '
                                                                      നാജി